Sun. Jan 19th, 2025

തിരുവനന്തപുരം:

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ ഉന്നത നേതാക്കന്മാർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു. ഹഖിന്‍റെയും മിഥിലാജിന്‍റെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. ഗുണ്ടാ ഗ്യാങുകൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് പറഞ്ഞ് കോൺഗ്രസിന്റെ അക്രമം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. പരിശീലനം ലഭിച്ച ആളുകൾക്കല്ലാതെ ഇത്തരത്തിൽ കൊല നടത്താനാകില്ല. രണ്ട് പേരും മരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും കോടിയേരി പറഞ്ഞു.

പെരിയയിൽ നടന്ന അക്രമത്തിന് പകരം വീട്ടുമെന്നാണ് പലരും പറഞ്ഞത്. സംഭവത്തിന് ശേഷമുള്ള അഭിപ്രായപ്രകടനങ്ങൾ ഇരട്ടക്കൊലപാതകത്തെ ന്യായീകരിക്കുന്നതാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.  കൊലപാതകം നടത്തി സിപിഎമ്മിനെ തകർക്കാമെന്ന് കരുതരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം, കോണ്‍ഗ്രസിന്‍റെ ക്രമസമാധാനം തകര്‍ക്കാനുളള ശ്രമത്തില്‍ ആരും വീണുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയോ അക്രമം അഴിച്ച് വിടുകയോ ചെയ്യരുത്. ഒരക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പാടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പാര്‍ട്ടിപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam