Thu. Jan 23rd, 2025

തിരുവനന്തപുരം:

സ്വര്‍ണക്കടത്തുകേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എൻഐഎ സംഘം ഇന്ന്  സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് എൻഐഎ കത്തു നല്‍കി. സ്വര്‍ണക്കടത്തുകേസില്‍ എൻഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് മൂന്നാംതവണയാണ്.

സിസിടിവി ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം മാത്രമെ പ്രതികളുടെ സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കുകയുള്ളുവെന്നാണ് എൻഐഎയുടെ നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ  നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നായിരുന്നു പൊതുഭരണ വകുപ്പ് എൻഐഎയെ അറിയിച്ചിരുന്നത്. അതിനാല്‍ ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി ശേഖരിക്കാനാണ് എൻഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam