Sun. Dec 22nd, 2024

കോട്ടയം:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് അനുകൂലമായതോടെ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള  നീക്കവുമായി ജോസ് കെ മാണി. അവിശ്വാസ പ്രമേയത്തിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും വിപ്പ് ലംഘിച്ച പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണും.

അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിക്കെതിരെ ഡല്‍ഹി ഹെെക്കോടതിയില്‍ ഇന്ന് തന്നെ അപ്പീല്‍ നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ  അറിയിച്ചു. ഇതിനിടെ, യുഡിഎഫിന്‍റെ നിര്‍ണായക യോഗം ഈ മാസം 3ന് ചേരുന്നുണ്ട്. ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണിയിലെ ഭാവി സംബന്ധിച്ച് എന്ത് തീരുമാനമാകും കെെക്കൊള്ളുക എന്നതും ഏറെ നിര്‍ണായകമാണ്.

കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കികൊണ്ട് ഇന്നലെ രാത്രിയാണ്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി വന്നത്. പാർട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam