കോഴിക്കോട്:
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതുടർന്ന് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. അനുവിന്‍റെ മരണത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനും, രണ്ടാപ്രതി പിഎസ്സിയുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ പറഞ്ഞു.
നിരവധി ഒഴിവുണ്ടായിട്ടും സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടിക റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പി.എസ്.സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണ്.പുതിയ ലിസ്റ്റ് പോലുമില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള ലിസ്റ്റിൻെറ കാലാവധി നീട്ടുന്നതിന് എന്തായിരുന്നു തടസ്സമെന്ന് വ്യക്തമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
യോഗ്യതയില്ലാത്തവര്‍ക്ക് ഉന്നത പദവിയും യോഗ്യത ഉള്ളവര്‍ക്ക് ഒരു മുഴം കയറെന്നതുമാണ് സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ച പി.എസ്.സി ചെയർമാൻ, സ്വപ്ന സുരേഷിന് ഏത് ബക്കറ്റിൽനിന്നാണ് തൊഴിൽ എടുത്തു കൊടുത്തതെന്ന് വ്യക്തമാക്കണം. അനുവിൻെറ മരണത്തിൽ യുവജന വഞ്ചനക്കെതിരെ തിങ്കളാഴ്ച തിരുവോണനാളിൽ പി.എസ്.സി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തുമെന്നും ഷാഫി പറമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.