Mon. Dec 23rd, 2024

തിരുവനന്തപുരം:

പിഎസ്‍സി നിയമനം ലഭിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  മതില്‍ ചാടി സെക്രട്ടേറിയേറ്റിനകത്ത് പ്രവേശിച്ചു. സെക്രട്ടേറിയറ്റിനകത്ത് കടന്ന വനിത പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ന് രാവിലെ മുതല്‍ തന്നെ വിവിധ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ രാവിലെ തന്നെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ഗെയിറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് ശേഷം യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങളും അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

പാലക്കാടും യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധം നടത്തി. ഡിസിസി ഓഫീസിൽ നിന്ന് സ്റ്റേഡിയം ബസ്‍സ്റ്റാന്‍റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പിഎസ്‍സി ചെയർമാന്‍റെയും കോലം കത്തിച്ചു. യുവമോർച്ച പ്രവർത്തകർ സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് ഉപരോധിച്ചു. 20 മിനുട്ട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി.

 

 

By Binsha Das

Digital Journalist at Woke Malayalam