ന്യൂഡല്‍ഹി:
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍. കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. കത്തിന്റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നേതാവും മുന്നോട്ടു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
23 നേതാക്കള്‍ ഒപ്പിട്ട് നേതൃത്വത്തിനെഴുതിയ കത്തിന്‍റെ പൂർണ്ണ രൂപവും കപില്‍ സിബല്‍ പുറത്തുവിട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു നേതാവിന് എതിരായിരുന്നില്ല കത്ത്. പ്രത്യേകിച്ച് രാഹുലിന് എതിരെ ആയിരുന്നില്ല. പാര്‍ട്ടി ശക്തിപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് കത്തെഴുതിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്നും കപില്‍ സിബല്‍ ചോദിച്ചു.
ഭരണഘടന പാലിക്കുന്നില്ലെന്നു ബിജെപിയെ കുറ്റപ്പെടുത്തുന്നവർ സ്വന്തം പാർട്ടി ഭരണഘടന പിന്തുടരുന്നില്ല. കത്തിലൂടെ ചർച്ചയായത് നെഹ്‌റു കുടുംബത്തോടുള്ള മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ഘടകങ്ങളുടെയും വിശ്വസ്തത മാത്രമാണ്. കത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ വൈകാതെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.