Mon. Dec 23rd, 2024

തിരുവനന്തപുരം:

സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂർത്തീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളന്തതില്‍ പറഞ്ഞു. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി തുടരും. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നൂറു രൂപവീതം വര്‍ധിപ്പിക്കും. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും. വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും.

2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനായേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മലയാളികള്‍ക്ക് നല്‍കാനുള്ള ഓണസമ്മാനം ഈ പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല. അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന ഉറപ്പുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധം ഊര്‍ജിതമാക്കും. കൊവിഡ് പരിശോധനകള്‍ പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. നൂറു ദിവസങ്ങളില്‍ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam