Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ കേസിലെ ഇടപെടൽ സ്വർണ്ണക്കടത്തിലെ ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു.  ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്‍റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്ത നൽകിയാൽ പരാതി നൽകുമെന്ന നിയമമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. എന്ത് തന്നെ സംഭവിച്ചാലും സര്‍ക്കാരിനെതിരായ പോരാട്ടവുമായി മുന്നോട്ട് തന്നെ പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.