ഡൽഹി:
കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെസി വേണുഗോപാൽ എന്നിവരെയും നിയമിച്ചു.
കത്തെഴുതിയവരിൽ പ്രധാനികളായ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെയും ഉപനേതാവായ ആനന്ദ് ശർമയെയും ഒതുക്കുന്നതിന്റെ ഭാഗമായാണിത്. സമാനമായി ലോക്‌സഭയിൽ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബിൽനിന്നുള്ള രൺവീത് സിങ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ്.
ഗൗരവ് ഗൊഗോയിയും മാണിക്കം ടാഗോറുമായിരുന്നു ലോക്‌സഭയിലെ വിപ്പുമാർ. ഗൊഗോയിയെ ഉപനേതാവാക്കിയതോടെ ബിട്ടു വിപ്പായി. കഴിഞ്ഞ ലോക്‌സഭയിൽ അംഗവും ലോക്‌സഭാ ഉപനേതാവുമായിരുന്ന അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി ആയതുമുതൽ ലോക്‌സഭയിൽ ഉപനേതൃത്വസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കെസി വേണുഗോപാൽ ജ്യസഭയിൽ പുതുമുഖമാണെങ്കിലും ലോക്‌സഭയിൽ നേരത്തേ ഡെപ്യൂട്ടി വിപ്പായിരുന്നു.
നേതൃത്വത്തോട് വളരെ അടുപ്പംപുലർത്തുന്ന അധീർ രഞ്ജൻ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നിൽ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയിൽ നിലനിർത്തിയിട്ടുണ്ട്. മനീഷ് തിവാരി, ശശി തരൂർ എന്നിവർക്ക് ഇനി ഏറെ അവസരം ലഭിക്കില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.