Thu. Apr 25th, 2024

തിരുവനന്തപുരം:

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാർട്ടിയുടെ അതിർ വരമ്പുകൾ അറിയില്ല. വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ലെന്നും  കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

സംഘടനക്കുള്ളിൽ നിന്ന് പ്രവര്‍ത്തിക്കാൻ ശശി തരൂര്‍ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ വിമര്‍സിച്ച് കൂടുതല്‍ നേതാക്കള്‍ വരുന്നത്. കൊവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി പറഞ്ഞിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരൻമാരല്ലെന്ന പരിഹാസവുമായി കെ.മുരളീധരൻ എംപിയും രംഗത്തെത്തിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam