ന്യൂഡല്‍ഹി:
പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്നെ വിമർശിക്കുന്നവർ ജനിക്കും മുമ്പ് താൻ ഭീകരതയോട് പോരാടി തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനെ എഐസിസിയിൽ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം. അതിനായി ആറു മാസം വരെ കാത്തിരിക്കും. രാഹുൽ ഗാന്ധിക്കോ മറ്റാർക്കെങ്കിലുമോ അധ്യക്ഷനാവാം. കോൺഗ്രസിലെ വിഷയങ്ങൾ മാധ്യമങ്ങളിൽ ചർയാക്കുന്നതിനുള്ള വിലക്ക് നിലനിൽക്കെയാണ് ഗുലാം നബി ആസാദ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഈ പ്രതികരണം.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 മുതിര്‍ന്ന നേതാക്കള്‍ കത്ത് നല്‍കിയത്. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടിക്ക് മുഴുവന്‍സമയവും കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി ഗുലാംനബി ആസാദിനയും കബില്‍ സിബലിനെയും വിമര്‍ശിക്കുന്ന സാഹചര്യവുമുണ്ടായി. ബിജെപിയുമായി നേതാക്കള്‍ക്ക് രഹസ്യധാരണയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വിമര്‍ശനവും ഉണ്ടായിരുന്നു. ബിജെപിയുമായി തനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ രാജിക്ക് തയ്യാറാണെന്ന് ഗുലാംനബി ആസാദ് പ്രവര്‍ത്തക സമിതി യോഗത്തിലും വ്യക്തമാക്കിയിരുന്നു.
അതേസമയം, സോണിയാ ഗാന്ധിയോട് ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് കത്ത് നല്‍കിയ നേതാക്കളെല്ലാം വ്യക്തമാക്കിയിരുന്നത്. ഭൂരിപക്ഷ വികാരം എതിരായെങ്കിലും കത്തിനനുസരിച്ച് സംഘടനാ തലത്തില്‍ മാറ്റമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ നേതാക്കളില്‍ നിന്ന് പാടില്ലെന്ന് പ്രവര്‍ത്തക സമിതിയും കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നു.