Mon. Dec 23rd, 2024

തിരുവനന്തപുരം:

അവിശ്വാസപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി സമയം എടുത്താണ് നിയമസഭയില്‍ പ്രസംഗിച്ചതെന്ന് സ്പീക്കര്‍  പി ശ്രീരാമകൃഷ്ണൻ. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ സമയമെടുത്തത് സ്വാഭാവികമായ കാര്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കര്‍ സമയത്തില്‍ പക്ഷഭേദം കാണിച്ചതായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ സംസാരിക്കുമ്പോള്‍ ഇടപെടാറില്ലെന്ന് സ്പീക്കറും വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് വിപ് ലംഘനത്തെക്കുറിച്ച് പരാതി കിട്ടിയിട്ടില്ലെന്നും സ്പീക്കർ മാധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രിയെ പേടിച്ചാണ് സ്പീക്കര്‍ സമയം നീട്ടി നല്‍കുകയും പ്രസംഗത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതെന്നും പ്രതിപക്ഷ എംഎല്‍എമാരും ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലെന്ന് ആരോപിച്ച് ഇന്നലെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam