കൊച്ചി:
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് ഹെെക്കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹെെക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് കോടതി ശരിവെച്ചത്. 2019 സെപ്റ്റംബര്‍ 30-നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്.
അപ്പീല്‍ ഹര്‍ജിയില്‍ ഒന്‍പതുമാസം മുന്‍പേ വാദം പൂര്‍ത്തിയായതാണ്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കാനായി എത്തിച്ചത്. ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇന്നലെ പുതിയ ഹർജി നൽകിയിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. ഇയാള്‍ കഴിഞ്ഞദിവസം ജാമ്യഹര്‍ജി നല്‍കിയിരുന്നു.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും,കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.