കൊച്ചി:
പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം. സിബിഐ അന്വേഷണത്തെ ഏത് വിധേനയും എതിര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ വരെ വരുത്തി. കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിന് ചെലവിട്ടു. ഈ തുക അത്രയും ഖജനാവിലേക്ക് തിരിച്ചടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണമെടുത്താണ് സര്‍ക്കാര്‍ ചെലവാക്കിയതെന്ന് ഓര്‍ക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തെ, കേസ് സിബിഐക്ക് വിട്ട നടപടിയില്‍ ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം നന്ദിരേഖപ്പെടുത്തിയിരുന്നു. നീതിപീഠത്തില്‍ വിശ്വാസമുണ്ട്. എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ, സര്‍ക്കാരിന്റെ അനീതിക്കെതിരെയുള്ള നടപടിയാണ് കോടതിയുടേത്. ഇതിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സത്യാഗ്രഹമിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കും നന്ദി പറയുന്നുവെന്നായിരുന്നു ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണനും കൃപേഷിന്റെ അച്ഛനായ കൃഷ്ണനും പ്രതികരിച്ചത്.