Sat. Apr 27th, 2024

കോട്ടയം: പാലാ രാമപുരത്ത് റോഡിൽ വെള്ളം നിറഞ്ഞ് കിടന്ന കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയറും കോട്ടയം ജില്ലാ കളക്ടറും റോഡിലെ കുഴിയടക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അലംഭാവത്തെ കുറിച്ച് അന്വേഷിച്ച് സെപ്റ്റംബർ 30 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ഹോട്ടൽ തൊഴിലാളിയായിരുന്ന റോയി (45)യാണ് ഇക്കഴിഞ്ഞ 12 ന് പാലാ- രാമപുരം റോഡിലെ കുഴിയിൽ വീണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ മീൻ കച്ചവടം ചെയ്തിരുന്ന റോയി ലോക്ക് ഡൗൺ തുടങ്ങിയതോടെയാണ് രാമപുരത്തെ ഹോട്ടലിൽ ജോലി നേടിയത്. പുലർച്ചെ 5 ന് ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് റോയി മരിച്ചത്.

കുഴി അടയ്ക്കണമെന്ന് അപകടത്തിന് മുമ്പ് തന്നെ എല്ലാവരും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ റോയി മരിച്ച ദിവസം രാത്രി പൊതുമരാമത്ത് അധിക്യതർ കുഴി നികത്തി. പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam