Sat. Jan 18th, 2025

ന്യൂഡല്‍ഹി:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിലെ ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ നടത്തുകയാണെങ്കിൽ അത് വിദ്യാർത്ഥികളുടെ ജീവൻ തന്നെ അപകടത്തിലാക്കുമെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അവസാന വീഡിയോ കോൺഫറൻസിൽ താൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും മമത വ്യക്തമാക്കി.

സെപ്റ്റംബറിലാണ് ഈ രണ്ട് പരീക്ഷകളും തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത വിലയിരുത്തി സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ പരീക്ഷ മാറ്റി വെക്കണമെന്നാണ് മമതയുടെ ആവശ്യം. എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ ഭാവി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മമത ബാനർജി പറയുന്നു.

പരീക്ഷകൾ മാറ്റിവയ്ക്കാനാണ് വിദ്യാർത്ഥികള്‍ ആഗ്രഹിക്കുന്നതെന്നും അത് സർക്കാർ ശ്രദ്ധിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് പന്താടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയയും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam