Sat. Jan 18th, 2025

ന്യൂഡല്‍ഹി:

രാഹുൽ ​ഗാന്ധിയെ വിമർശിച്ചുള്ള തന്റെ ട്വീറ്റ് കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പിൻവലിച്ചു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചത്. യോഗത്തില്‍ താന്‍ നേതാക്കള്‍ ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കപില്‍ സിബലിനോട് രാഹുല്‍ രാന്ധി പറഞ്ഞു. രാഹുലും മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലെയാണ് പ്രതിസന്ധി അയയുന്നത്.

സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തെഴുതിയ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്നും ഈ നടപടി ബിജെപിയെ സഹായിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ബിജെപിയുമായി രഹസ്യധാരണയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുതിര്‍ന്ന നേതാക്കാള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്നാണ് രാഹുൽ ​ഗാന്ധി പറയുന്നത്. രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. 30 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ഒരാളാണ് താന്‍. ഇക്കാലയളവില്‍ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ല. പാര്‍ലമെന്‍റിന് അകത്തും പുറത്തും പല വേദികളില്‍ രാഹുല്‍ ഗാന്ധിക്കായി തങ്ങള്‍ വാദിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ശക്തമായി നിലകൊണ്ട നേതാക്കളാണ് ഞങ്ങള്‍. എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് പറയുന്നത് എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്. ബിജെപിയുമായി തനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ രാജിക്ക് തയ്യാറാണെന്ന്  ഗുലാംനബി ആസാദും വ്യക്തമാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam