ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറായി സോണിയ ഗാന്ധി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സോണിയ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രവര്‍ത്തക സമിതി നാളെ ചേരാനിരിക്കെയാണ് അഭ്യര്‍ത്ഥന.ഇതുസംബന്ധിച്ച് അന്തിമ തീരുമാനം നാളെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ, കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് നല്‍കിയിരുന്നു.
നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. പാര്‍ട്ടിക്ക് മുഴുവന്‍സമയവും കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദിയില്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നതിനെ കുറിച്ചും കോണ്‍ഗ്രസില്‍ നിന്ന് യുവാക്കള്‍ വിട്ടുനില്‍ക്കുന്ന സാഹചര്യ്തതെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിരുന്നു.
അതേസമയം, കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം തുടർന്നും നെഹ്റു - ഗാന്ധി കുടുംബത്തിന് തന്നെ നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.