Sat. Apr 5th, 2025

ന്യൂഡല്‍ഹി:

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാൻ ചേതന്‍ ചൗഹാന്‍റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലെെയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കകള്‍ തകരാറിലായ ചേതന്‍ ചൗഹാനെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലെെ അവസാനത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ  ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

40 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച ചൗഹാന്‍ സുനില്‍ഗാവസ്‌കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ  അദ്ദേഹം രണ്ടു തവണ പാർലമെന്റ് അംഗമായിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam