Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിനായി സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിലുളളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് പ്രതിദിനം കുറഞ്ഞുവരുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വിലയിരുത്താനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താനിടയായവര്‍ 72 മണിക്കൂറിനുളളില്‍ പരിശോധന നടത്തണമെന്നുളളത് പ്രധാനമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ബിഹാര്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam