ന്യൂഡല്‍ഹി:
പ്രതിരോധമേഖലയിൽ വേണ്ട വൻആയുധങ്ങളുൾപ്പടെയുള്ളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് പ്രഖ്യാപനം നടത്തികൊണ്ട് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. 101 ഇനങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനോടൊപ്പം ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ആത്മനിർഭർ ഭാരത്’ എന്ന വിശാലപദ്ധതിയിലെ നിർണായക ചുവടുവയ്പാകും ഇത്. തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ കെെവന്നിരിക്കുന്നതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.