Mon. Dec 23rd, 2024
തിരുവനന്തപുരം:

 
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തയ്യാറാക്കിയ എഫ്‌ഐആര്‍ സിബിഐ കോടതിയില്‍ സമർപ്പിച്ചു. നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനാണ് പ്രധാന പ്രതി. നേരത്തെ കേസ് അന്വേഷിച്ച മംഗലപുരം പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും എഫ് ഐആറിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ സമർപ്പിച്ചിരിക്കുന്നത്.

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും കുടുംബബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തു വച്ചായിരുന്നു അപകടം. സംഭവത്തില്‍ ബാലബാസ്കര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണപ്പെട്ടത്. മകള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരുക്കേറ്റിരുന്നു.

അതേസമയം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ്‌ ട്രിബ്യൂണലിനെ കഴിഞ്ഞ മാസം സമീപിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്നായിരുന്നു അര്‍ജുന്റെ ഹര്‍ജിയില്‍ പറഞ്ഞത്. ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രെെവിംഗ് ആണ് അപകടത്തിന് കാരണമായതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാക്കിയായിരുന്നു അര്‍ജുന്റെ ഹര്‍ജി.

By Binsha Das

Digital Journalist at Woke Malayalam