തിരുവനന്തപുരം:
കെഎസ്ആർടിസി ദീര്‍ഘദൂരസര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം ഗതാഗത വകുപ്പ് പിന്‍വലിച്ചു. സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു ഇന്നലെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
സൂപ്പർ ഡീലക്സ് ഉൾപ്പെടെ 206 ബസുകൾ ആണ് ഇന്നുമുതല്‍ സര്‍വീസ് നടത്താനിരുന്നത്. പലയിടത്തും കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണവും, രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തില്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞ് ബസ് സര്‍വീസ് പുനരാരംഭിക്കാമെന്നാണ് ആരോഗ്യവകുപ്പ് ഉന്നത വൃത്തങ്ങള്‍ ഗതാഗത മന്ത്രിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.