Mon. Dec 23rd, 2024
കൊച്ചി:

സ്വര്‍ണ്ണക്കടത്തിന്‍റെ ഗൂഢാലോചന തുടങ്ങുന്നത് ദുബായിലെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുളള ഇടപാടുകളും നടന്നത് ദുബായില്‍ വെച്ചായിരുന്നുവെന്ന് പ്രതികള്‍ വ്യക്തമാക്കി. സ്വപ്ന സുരേഷിനെ പിന്നീട് ഇവര്‍ ഡിപ്ലോമാറ്റിക് സൗകര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. അതേസമയം, ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്ന് സ്വപ്നയും സന്ദീപും മൊഴി നല്‍കി. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നുമാണ് പ്രതികളുടെ മൊഴി. 

അതേസമയം കേസുമായി ബന്ധപ്പെട്ട് കാര്‍ഗോ ക്ലിയറിങ് ഏജന്റ്‌സ് അസോസിയേഷന്‍ സംഘടന നേതാവ് ഹരിരാജിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. നേരത്തേ ഒരുതവണ ഹരിരാജിനെ ചോദ്യം ചെയ്ത് കസ്റ്റംസ് സംഘം വിട്ടയച്ചിരുന്നു. കള്ളക്കടത്ത് സ്വര്‍ണം വന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാനും പിന്നീട് തിരിച്ചയപ്പിക്കാനും ഇയാൾ ഇടപെട്ടിരുന്നുവെന്നാണ് ആരോപണം. ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചപ്പോഴാണ് ഹരിരാജ് വിഷയത്തില്‍ ഇടപെട്ടതെന്നാണ് വിവരം.

By Athira Sreekumar

Digital Journalist at Woke Malayalam