31 C
Kochi
Monday, October 25, 2021

Daily Archives: 11th July 2020

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  വി മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  സ്വർണ്ണം എത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്ന് പറഞ്ഞതോടെ കേന്ദ്രമന്ത്രി വി മുരളീധരനും സംശയത്തിന്‍റെ നിഴലിലാണെന്ന് അദ്ദേഹം ആരോപിച്ചു.  സ്വർണ്ണക്കടത്ത് ഉയർത്തി ബിജെപിയും കോണ്‍ഗ്രസും കൊവിഡ് കാലത്ത് കലാപശ്രമത്തിന് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: കളിയിക്കാവിള സ്പെഷ്യൽ സബ് ഇന്‍സ്പെക്ടര്‍ വില്‍സന്‍റെ കൊലപാതക കേസിൽ ചെന്നൈ പ്രത്യേക കോടതിയിൽ  എൻഐഎ കുറ്റപത്രം സമർപ്പിച്ചു.  ഐഎസ് പ്രവർത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്ന്  എൻഐഎ  കുറ്റപത്രത്തിൽ പറയുന്നു. അബ്ദുൾ ഷെമീം, തൗഫീക്ക് ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായും വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് പറഞ്ഞു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് രോഗം വരുന്നതും കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൂടുന്നതും എല്ലാം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 141 പേർ രോഗമുക്തരായി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ മുക്തരായവരുടെ കണക്കുകൾ.രോഗം സ്ഥിരീകരിച്ചവരിൽ 167 പേര്‍ വിദേശത്തുനിന്ന് വന്നവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം, ഇന്ന്...
തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി  എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.  ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികൾ  തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ എത്തി ചർച്ച നടത്തി എന്ന് കസ്റ്റംസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ഇവിടെ എത്തി കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
കൊല്ലം:സ്വർണ്ണക്കടത്ത് കേസിൽ ഇന്നും കൊവിഡ് പ്രോട്ടോകോൾ  ലംഘിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നു.  കൊല്ലത്ത് കളക്ട്രേറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും നേരിയ സംഘർഷമുണ്ടായി.  ഇന്നലെ നടന്ന കോഴിക്കോട്ട് പ്രതിഷേധത്തിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. 
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചെന്ന് വ്യക്തമാക്കി ഡിജിപി ഉത്തരവിറക്കി. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചതിന് പിന്നാലെയാണ് നടപടി.
കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചതിന് പിന്നാലെ വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു. മാര്‍ക്കറ്റുകളുള്‍പ്പെടെ 12 സ്ഥലങ്ങള്‍ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗികൾ കൂടിയതിനാൽ നിയന്ത്രണ മേഖലകളില്‍ പൊലീസിനെയും വിന്യസിച്ചു.
തിരുവനന്തപുരം: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പൂന്തുറയിൽ അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളും തുറന്നു. ഇത് കൂടാതെ പ്രതിരോധ പ്രവർത്തിനത്തിനായി ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിച്ചു.  ഇന്ന് പൂന്തുറയിലെ ജനങ്ങള്‍ കൊവിഡ്  പരിശോധയോട് സഹകരിച്ചുവെന്ന് പൂന്തുറ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു.
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. അവസാന സെമസ്റ്റര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ പരീക്ഷ ഇല്ലാതെ  തന്നെ പാസാക്കാനും നിർദ്ദേശം നൽകിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.