തിരുവനന്തപുരം:
വിക്ടേഴ്സ് ചാനൽ വഴിയുള്ള രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ ആരംഭിക്കും. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് പ്ലസ് വണ്‍ ഒഴികെയുള്ള ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഓൺലൈൻ പഠന സൗകര്യത്തിന് പുറത്ത് നിൽക്കുന്ന കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ ആദ്യ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടകൾ വഴിയും പരമാവധി പേര്‍ക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് അടുത്ത ഘട്ട ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതെന്ന് വിക്ടേഴ്സ് സിഇഒ അൻവര്‍ സാദത്ത് അറിയിച്ചു. ടിവിയില്ലാത്ത നാലായിരം വീടികളിലുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.