കൊച്ചി:
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും കൂടി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് ജിസിഡിഎക്ക് ഈയാഴ്ച തന്നെ കത്ത് നല്‍കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്ക് നീങ്ങാനാണ് കെസിഎയുടെ തീരുമാനം. സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ജിസിഡിഎയുമായി 30 വര്‍ഷത്തെ കരാറുണ്ട് കെസിഎയ്ക്ക്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം കോഴിക്കോട്ടേക്കില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയതോടെയാണ് കൊച്ചിയില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും വേണമെന്ന ആവശ്യം ശക്തമാകുന്നത്.
അതേസമയം, സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ബിസിസിഐയും ആവശ്യപ്പെട്ടു. കരാര്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്ബോളും വേണമെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ക്രിക്കറ്റിന് ശേഷവും ഫിഫ നിലവാരത്തിലുള്ള ഗ്രൗണ്ട് ഒരുക്കാന്‍ കഴിയും. കലൂര്‍ സ്റ്റേഡിയം ഉണ്ടെങ്കില്‍ കേരളത്തില്‍ ഐപിഎല്‍ മത്സരം അടക്കം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.