ഡൽഹി:
ലോക്ക്ഡൗണിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതടക്കമുള്ള കേസുകൾ പിൻവലിക്കണമെന്ന നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകി. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്നും ഇതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിനുകൾ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികൾക്കായി ഹെൽപ് ഡസ്കുകൾ തുറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.