ന്യൂഡല്‍ഹി:
കൊവിഡ് 19നെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും വര്‍ഗ്ഗീയ ആഖ്യാനങ്ങളിലൂടെ വഴിതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. ഇതിനെയെല്ലാം എതിര്‍ത്ത് സംസാരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമാണെന്നും, എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
സ്റ്റോപ് ദി വാര്‍ കോയലിഷന്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അരുന്ധതി റോയ് മോദി സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്. ”ആകെ രണ്ട് കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അവര്‍ ദേശീയ സ്വത്തുക്കള്‍ സ്വകാര്യവത്കരിച്ചു. ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന്‍റെ പേര് പറഞ്ഞ് വിദ്യാഭ്യാസ മേഖലയെയും അവര്‍ സ്വകാര്യവത്കരിച്ചു. പാവപ്പെട്ടവരും ദളിതരും ഇതിനെല്ലാം പുറത്താകും”- അരുന്ധതി റോയ് പറഞ്ഞു.
കൊവിഡ് പടരുമ്പോഴും സിഎഎ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രസർക്കാർ ശ്രദ്ധിച്ചതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് ഈ ദുര്‍ഘടാവസ്ഥയെ നല്ല രീതിയില്‍ നേരിട്ട കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുണ്ടെന്നും അരുന്ധതി ചര്‍ച്ചയില്‍ വിശദീകരിച്ചു.