തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ന് ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെജി വര്‍ഗീസി(77)നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇന്ന് പോസിറ്റീവായവരില്‍ 46 പേര്‍ വിദേശത്ത് നിന്നും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 19 പേര്‍ രോഗമുക്തരായി.
ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 200 പേരെയാണ് ഇന്ന് ആശപത്രിയില്‍ പ്രവേശിപ്പിച്ചത്.