Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ കൊവിഡ് ഭീഷണി ചെറുത്തുതോല്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കൽ സമൂഹത്തിനും കൊറോണ പോരാളികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ യോദ്ധാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണ്’- പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ ധീരമായ പോരാട്ടം മെഡിക്കൽ സമൂഹത്തിന്റെയും കൊറോണ പോരാളികളുടെയും കഠിനാധ്വാനമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ മുൻനിര പോരാളികൾക്കെതിരായ അക്രമം, ശകാരം, മോശം പെരുമാറ്റം എന്നിവ സ്വീകാര്യമല്ലെന്നും പ്രധാനമന്ത്രി  വ്യക്തമാക്കി.

 

 

 

By Binsha Das

Digital Journalist at Woke Malayalam