Wed. Nov 6th, 2024
ന്യൂഡല്‍ഹി:

 
ഇന്ത്യയില്‍ കൊവിഡ് 19 സാമൂഹികവ്യാപനം വലിയ തോതില്‍ നടന്നുകഴിഞ്ഞെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാമൂഹികവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യവിദഗ്ദ്ധര്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ് എന്നീ സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കിയത്.

കൃത്യമായ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നതെന്നും പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു. രാജ്യത്തെ പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മാതൃകയുടെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗവ്യാപനത്തെക്കുറിച്ച് ധാരണയുള്ള പകര്‍ച്ച വ്യാധി ചികിത്സാ വിദഗ്ദ്ധരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായേനെയെന്നും ഇവര്‍ കുറ്റപ്പെടുത്തി.

രോഗവ്യാപനം ചെറിയ തോതിലായിരുന്ന ആദ്യഘട്ടത്തില്‍ത്തന്നെ അതിഥിതൊഴിലാളികളെ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയാണ്. ഇത് ഗ്രാമീണ മേഖലകളിലെ രോഗവ്യാപനത്തിന് കാരണമാകുമെന്നും ഇത് ആശങ്കാജനകമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam