Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജയാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആലപ്പുഴയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പ്പെടുന്നുണ്ട്.

ഇന്ന് പോസിറ്റീവായവരില്‍ 17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-6, യുഎഇ.-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്‌നാട്-9, തെലുങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നതാണ്. പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കൊല്ലത്തും പാലക്കാടും രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

By Binsha Das

Digital Journalist at Woke Malayalam