Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്നു വന്നവരും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗ ബാധയുണ്ടായി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളിലെ രണ്ട് പേർക്കാണ് രോഗം.

പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, മലപ്പുറം- 5, തിരുവനന്തപുരം- 5, കാസർകോട്- 4, എറണാകുളം- 4, ആലപ്പുഴ- 3, വയനാട്- 2, കൊല്ലം- 2, കോട്ടയം, ഇടുക്കി, കോഴിക്കോട്- 1 വീതം എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ. പത്ത് പേർ ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 101 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് 22 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 62746 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും ഇതില്‍ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1150 ആയി വര്‍ധിച്ചതായും അറിയിച്ചു.  577 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam