Fri. Apr 19th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂർ 5, മലപ്പുറം 3 ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നി ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ വിദേശത്ത് നിന്നും എട്ടുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ഇന്ന് ആരുടെയും പരിശോധന ഫലം നെഗറ്റീവായിട്ടില്ല.

ഇന്ന് പോസിറ്റീവായവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. മറ്റു രണ്ട് പേർ ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്.

ഇതുവരെ 642 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 142 പേർ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam