ന്യൂഡല്‍ഹി:
കൊവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌൺ നാലാം ഘട്ടത്തിൽ. ഇന്നുമുതൽ ഈ മാസം 31 വരെയാണ് നാലാംഘട്ടം. മറ്റ് മൂന്ന് ഘട്ടങ്ങളെയും അപേക്ഷിച്ച് പൊതു ഗതാഗതത്തിന് ഭാഗിക അനുമതി നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.
ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട അധികൃതർക്കു തീരുമാനിക്കാം. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല. സോണുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.
നാലാംഘട്ട ലോക്ക്ഡൗണില്‍ മെട്രോ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല. ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും, ബാറുകളും തുറക്കില്ല. എല്ലാ ആരാധനാലയങ്ങളും അടഞ്ഞ് തന്നെ കിടക്കും. പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നതിനും വിലക്ക് തുടരും.
ലോക്ക്ഡൗണിൽ അനുവദനീയമല്ലാത്ത കാര്യങ്ങളിൽനിന്ന് ബാർബർ ഷോപ്പുകളെ ഒഴിവാക്കിയിട്ടുണ്ട്. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും. എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല. വിവാഹ ചടങ്ങുകൾക്ക് 50 പേർ വരെ പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്ക് ഒരു സമയം പങ്കെടുക്കാന്‍ അനുവാദമുണ്ട്.