ന്യൂഡല്‍ഹി:
രാജ്യത്ത് ലോക്ക്ഡൌൺ ഈ മാസം 31 വരെ നീട്ടി. നാലാം ഘട്ടത്തിന്റെ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. കേന്ദ്ര തീരുമാനത്തിന് മുമ്പു തന്നെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൌൺ നീട്ടിയിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല.
ഇന്ന് പോസിറ്റീവായവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.