തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ.
വിദേശത്തു നിന്ന് എത്തിയ 7 പേർക്കാണ് രോഗം. അതേസമയം, ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവായിട്ടില്ല.
ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ 80 പേരാണു ചികിത്സയിലുള്ളത്. ഇന്ന് 122 പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ കൂടുതൽ പേർ മലപ്പുറത്താണ് – 36 പേർ. വയനാട്ടിൽ 19 പേരെയും കോഴിക്കോട്ട് 17 പേരെയും കാസർകോട്ട് 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ 37 ദിവസത്തിനു ശേഷമാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കംമൂലം രോഗവ്യാപന സാധ്യത വർദ്ധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി നൽകുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ലെന്നും, ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൌൺ തുടരുമെന്നും അദ്ദേഹം പറഞ്ഞു.