Mon. Dec 23rd, 2024

തിരുവനന്തപുരം:

ബസ് ചാര്‍ജ് വര്‍ധന വേണമെന്ന സ്വാകര്യ ബസ് ഉടമകളുടെ ആവശ്യം യുക്തിസഹമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കും സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുകയെന്നും ഗതാഗതമന്ത്രി പറഞ്ഞു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇരട്ടിചാര്‍ജ് ഏര്‍പ്പെടുത്തണമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും വേണ്ടി വരുമെന്നുതന്നെയാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുമ്പോള്‍ 50 ശതമാനം യാത്രക്കാരാണ് ബസില്‍ ഉണ്ടാവുക. ആ നിലയ്ക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്കോ, സ്വകാര്യ ബസ് ഉടമകള്‍ക്കോ സാധ്യമല്ലെന്നും ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നുമാണ് മന്ത്രി പറഞ്ഞത്.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുവേണ്ടി കെഎസ്ആര്‍ടിസി ആരംഭിച്ച പ്രത്യേക സര്‍വീസുകളില്‍ ഇരട്ടിനിരക്കാണ് ഈടാക്കുന്നത്. ഇതേ മാതൃകയില്‍ ഇരട്ടിത്തുക ഈടാക്കാനാണ് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കുക.

സാമൂഹിക അകലം പാലിക്കേണ്ടിവരുന്ന കാലയളവിലേക്കുമാത്രം നിരക്ക് ഉയര്‍ത്തി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. കൊവിഡ് കാലത്ത് എങ്ങനെ പരിമിതമായ പൊതുഗതാഗതം സാധ്യമാക്കുക എന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam