Fri. Nov 22nd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3 പേർക്ക് വീതം, കണ്ണൂർ 2, പത്തനംതിട്ടയിലും ഇടുക്കിയിലും കോഴിക്കോട്ടും ഒരാൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൂന്ന് പേര്‍ക്ക് പരിശോധന ഫലം നെഗറ്റീവായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും ആണ് ഇന്ന് നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസർകോട് ഏഴുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും പാലക്കാട് ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് രോഗം സ്ഥിരീകരിച്ച 2 പേർ ആരോഗ്യപ്രവർത്തകരാണ്. വയനാട്ടിൽ ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം വർദ്ധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam