Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം പകര്‍ന്നത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.

490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

By Binsha Das

Digital Journalist at Woke Malayalam