തിരുവനന്തപുരം:
സുരക്ഷിതമല്ലാത്ത രീതിയിലുള്ള മാസ്‌ക് വില്പന ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ റോഡിന്റെ വശങ്ങളിലായി മാസ്‌കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം സുരക്ഷിതമല്ലാത്ത വില്പന അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക് മുഖത്ത് വച്ചുനോക്കി ചേരുമോ ഇല്ലയോ എന്ന് പരിശോധിച്ച് ചേരില്ല എന്നു കണ്ടാല്‍ തിരിച്ചുകൊടുത്ത് ചിലര്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അത്യന്തം അപകടകരമാണെന്നും ഇത്തരം വില്പന അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാസ്‌കിനെ സംബന്ധിച്ച് പുലര്‍ത്തേണ്ട ജാഗ്രത ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവുന്നതെന്നും അതുകൊണ്ടുതന്നെ മാസ്‌ക് വില്പന സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.