തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവായത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ വയനാട്ടിൽ നിന്നുള്ള രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. വയനാട്ടിലെ മൂന്നാമത്തെ രോഗി കോയമ്പേട് നിന്നും വന്നയാളാണ്. ഇവർ മൂന്ന് പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തൃശ്ശൂരിലേയും മലപ്പുറത്തേയും കൊവിഡ് രോഗികൾ ഏഴാം തീയതിയിലെ അബുദാബി-കൊച്ചി വിമാനത്തിൽ കേരളത്തിലെത്തിയവരാണ്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.