Mon. Nov 25th, 2024
കൊച്ചി:

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പ്രത്യേക ഉത്തരവ്  കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തേക്ക് കോടതി സ്റ്റേ അനുവദിച്ചത്. എല്ലാവരുടെയും സഹകരണം വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്, എന്നാൽ ശമ്പളം അവകാശമാണെന്ന് പറഞ്ഞ കോടതി ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള ഉത്തരവിനെതിരെ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിച്ചത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

എന്നാൽ സാലറി പൂർണമായും കട്ട് ചെയ്യുകയല്ല പകരം താൽക്കാലികമായ മാറ്റിവെയ്ക്കലാണ് സർക്കാർ ചെയ്യുന്നതെന്നാണ് അ‌ഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് കോടതിയിൽ വ്യക്തമാക്കിയത്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, എപിഡെമിക് ഡിസീസ് ഓർഡിനൻസ് എന്നിവ പ്രകാരം സർക്കാരിന് ശമ്പളം പിടിക്കാമെന്നും അദ്ദേഹം വാദിച്ചു. അതെ സമയം സർക്കാർ ഉത്തരവിൽ അ‌വ്യക്തതയുണ്ടെന്നും പണം എന്തിനുവേണ്ടിയാണ് ചെലവാക്കുക എന്നതിൽ വ്യക്തത ഇല്ലെന്നുമാണ് കോടതി മറുപടി നൽകിയത്.

By Athira Sreekumar

Digital Journalist at Woke Malayalam