കണ്ണൂർ:
കാസർഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം പുലർത്തിയവരുടെയും വിലാസവും ഫോൺനമ്പറും അടങ്ങുന്ന ഗൂഗിൾ മാപ്പ് ലിങ്ക് ചോർന്നതായി റിപ്പോർട്ട്. പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ ടിവി സുഭാഷ് അറിയിച്ചു. നിലവിലുള്ള 54 രോഗികളുടെയും സമ്പർക്കത്തിൽ കഴിഞ്ഞ 9000ലേറെ പേരുടെ വിവരങ്ങളും ലിങ്ക് തയ്യാറാക്കിയ ശേഷം സിഐ മുതൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വരെ വാട്സാപ്പിൽ അയച്ചിരുന്നു. ഇക്കാര്യത്തിൽ സുരക്ഷ ഉറപ്പ് വരുത്താതെ ഇരുന്നത് പൊലീസിന്‍റെ വീഴ്ചയാണെന്ന് ജില്ലാ കളകടർ വ്യക്തമാക്കി.
സൈബർ സെൽ തയ്യാറാക്കിയ ഗൂഗിൾ ലിങ്ക് വഴിയാണോ കാസർകോട്ടെ സ്വകാര്യ ആശുപത്രികൾക്കും ബംഗലൂരുവിലെ സ്വകാര്യ കമ്പനികൾക്കും രോഗികളുടെ വിവരം കിട്ടിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. പൊലീസ് തയ്യാറാക്കിയ കൊവിഡ് സേഫ്റ്റി ആപ്പിലൂടെയും വിവരങ്ങൾ ചോരുന്നതായി പല റിപോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഐജി വിജയ്സാക്കറെ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.