Sat. Apr 20th, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിങ് വഴി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന് മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നാണ് സൂചന. യോഗത്തിൽ മുഖ്യമന്ത്രിമാർ ഉയർത്തിയ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയ സ്ഥലങ്ങളിൽ രോഗവ്യാപനം കുത്തനെ ഉയർന്ന സാഹചര്യമാണ് ഉണ്ടായതെന്നും ആയതിനാൽ ഒരു മാസം കൂടി ലോക്ക് ഡൗൺ നീട്ടണമെന്നുമാണ് ഒഡിഷ മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ നിർദ്ദേശത്തോട് മറ്റ് നാല് മുഖ്യമന്ത്രിമാർ കൂടി യോജിച്ചു.

ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു പ്രധാനമന്ത്രിയുടെ യോഗം ആരംഭിച്ചത്. ഇന്ന് നടക്കുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം ലഭിക്കില്ല എന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറി ടോം ജോസാണ് കേരളത്തെ ഇന്ന് ചർച്ചയിൽ പ്രതിനിധീകരിച്ചത്. ലോക്ക് ഡൗൺ വിഷയത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശം പാലിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാൽ, ഒറ്റയടിക്ക് നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്നും കേരളം നിർദ്ദേശിച്ചു.

By Arya MR