തിരുവനന്തപുരം:
കേരളത്തിൽ രോഗവ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയോ സമൂഹവ്യാപനമുണ്ടായതായോ സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. അതേസമയം, സംസ്ഥാനത്ത് ഇതുവരെ എല്ലാം നല്ല രീതിയില്‍ പോയെന്ന് കരുതി ഇവിടെ ഇനി സമൂഹവ്യാപനം ഉണ്ടാവില്ല എന്നു കരുതേണ്ട. വൈറസ് വാഹകനായ ഒരാൾ ബാക്കിയായാൽ പോലും അതിവേഗത്തിൽ സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്.
ഇക്കാര്യത്തിൽ സിംഗപ്പൂരിൻ്റെ അനുഭവം നമ്മുക്ക് മുന്നിലുണ്ടെന്ന് മന്ത്രി ചൂണ്ടികാട്ടി. ജനുവരി 23 മുതൽ മാർച്ച് 23 വരെ ആകെ അഞ്ഞൂറ് കൊവിഡ് കേസുകളെ സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തുള്ളൂ. ഇതോടെ അവിടെ ലോക്ക് ഡൗൺ പിൻവലിച്ചു. പിന്നെ അതിവേഗം രോഗം വ്യാപിക്കുന്നതാണ് കണ്ടത്. ഈ മാസം 15000 കൊവിഡ് കേസുകൾ വരെ അവിടെ റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് വിഷമമുണ്ടാകുന്ന കാര്യമാണെന്നും, അവര്‍ക്ക് രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. എന്നാൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ലഭ്യതക്കുറവുണ്ടെന്ന് മന്ത്രി പറയുന്നു. ടെസ്റ്റ് കിറ്റുകൾ ഒരുമിച്ച് ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെന്നാണ് അമേരിക്കയിലേയും ബ്രിട്ടണിലേയും അനുഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാവും റാപ്പിഡ് ടെസ്റ്റിനുള്ള ആളുകളെ കണ്ടെത്തുക.
അതേസമയം, പ്രവാസികളെ കൂട്ടത്തോടെ മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. മടങ്ങി വരാൻ എല്ലാവർക്കും താത്പര്യമുണ്ടാകും എന്നാൽ അതു പ്രായോഗികമായ കാര്യമല്ല.ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളും കർശനമായ നിരീക്ഷണവും ഉണ്ടാവും. തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും കെകെ ശെെലജ പറഞ്ഞു.