തിരുവനന്തപുരം:
അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി കേരളത്തിലേക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോൺഫറൻസിംഗ് യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് അറിയിച്ചത്. കേന്ദ്ര അറിയിപ്പ് പ്രകാരം ചെറിയ കടകളും ഫാൻസി ഷോപ്പുകളും തീവ്രബാധിതമേഖലകൾ അല്ലാത്തയിടത്ത് തുറന്ന സാഹചര്യവും മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.
ഹോട്ട്സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുവഴികളിലും ഊടുവഴികളിലും കർശനമായ പരിശോധനയായിരിക്കും ഇനി മുതൽ നടക്കുക. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയൽസംസ്ഥാനങ്ങളിൽ പോയി വന്നവർക്ക് പലർക്കും രോഗം സ്ഥിരീകരിച്ചതിനാലാണ് ഈ നടപടി. ഡ്രോണുപയോഗിച്ചുള്ള പരിശോധനയ്ക്ക് പുറമെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.