തിരുവനന്തപുരം:
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്റൈൻ നടപ്പിലാക്കണോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവം. രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്റൈൻ ഏർപ്പെടുത്തുന്ന രീതിയാണിത്. ഇത് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണോ അതോ ഹോട്ട്സ്പോട്ട് ജില്ലകളില്‍ മാത്രം മതിയോ എന്ന കാര്യത്തിലടക്കമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. നിരീക്ഷണ കാലാവധി പിന്നിട്ട ശേഷവും, രോഗലക്ഷണങ്ങൾ ഇല്ലാതെയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് ഈ നടപടി.
ഇതുകൂടാതെ സംസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത ഉണ്ടോയെന്ന് പരിശോധിക്കാനായി റാൻഡം പിസിആര്‍ പരിശോധനകള്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, യാത്രകൾ ചെയ്യാത്ത, കൊവിഡ് രോഗികളുമായി സമ്പർക്കം വരാത്ത എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുള്ള രോഗികൾ, ഹോട്ട് സ്പോട്ട് മേഖലയിലെ ആളുകള്‍ എന്നിവരെയാണ് പരിശോധിക്കുക.