ഡൽഹി:
കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു. നാളെ യോഗം അവസാനിച്ച ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയെ കാണും. ഞായറാഴ്ചയോടെ രണ്ടാം സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും സാമ്പത്തിക രംഗത്തെ പൊതുസ്ഥിതി യോഗത്തിൽ അവലോകനം ചെയ്യും. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 1.9 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തൊഴിലാളികളുടെ കുടുംബത്തിന് 7,500 രൂപ വീതം അടിയന്തര സഹായം നൽകണമെന്ന് ഇന്ന് കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടിരുന്നു. നാളെ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക.